Friday, January 6, 2012




ഒരു ശരത് കാല സന്ധ്യക്ക്‌....

 
മങ്ങി തുടങ്ങിയാ വേനല്‍ കനലുകള്‍
കാണാമരികിലീ ശരത്ക്കാലച്ഛായകള്‍

ചിന്തകള്‍ നുള്ളിപ്പെറുക്കുന്ന സന്ധ്യകള്‍ 
മൂകത മൂളുന്നയേകാന്തരാവുകള്‍.

കാച്ചിയ ചെമ്പിന്‍ നിറം പകര്‍ന്നെന്നുടെ  
പുഞ്ചിരിയൊപ്പിയെടുത്തോരീ നഗ്നമാം മേനിയെ
കാലത്തിനേല്‍പ്പിച്ചു പോകുമ്പോള്‍
പൊയ്പ്പോയ കാലങ്ങള്‍ പീലിവിടര്‍ത്തുന്നു.

ശൈത്യത്തിന്‍  മഞ്ഞുടുപ്പോന്നു ധരിച്ചു ഞാന്‍
നിദ്ര നടിച്ചു തിരിഞ്ഞു കിടക്കവേ;
വീണ്ടുമാ ഭ്രാന്തന്‍ വസന്തത്തിന്‍ പൂവിളി
കേള്‍ക്കുവാന്‍ കാതുകള്‍ വെമ്പുന്നു, കേഴുന്നു.